കോപ്പൻഹേഗൻ: വടക്കൻ യൂറോപ്യൻ രാജ്യമായ ഡെന്മാർക്കിൽ മൂന്നു ദിവസത്തെ സന്ദർശനത്തിനായി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ എത്തി.
വിശുദ്ധ ആൻസ്ഗാറിന്റെ മിഷണറിദൗത്യത്തിന്റെ 1200-ാം വാർഷികാഘോഷങ്ങളിൽ മാർപാപ്പയെ പ്രതിനിധീകരിച്ചു പങ്കെടുക്കാനാണ് അദ്ദേഹമെത്തിയത്.
ഇന്നലെ കോപ്പൻഹേഗനിലെ ലൂഥറൻ കത്തീഡ്രലിൽ നടന്ന എക്യുമെനിക്കൽ സായാഹ്നപ്രാർഥനയിൽ പങ്കെടുത്ത അദ്ദേഹം തുടർന്ന് നയതന്ത്രജ്ഞരുമായും മറ്റു സഭകളിലെ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.
ഇന്ന് ഹില്ലേഡിലെ സെന്റ് ജോസഫ്സ് കാർമൽ ആശ്രമത്തിൽ ബനഡിക്ടൈൻ കന്യാസ്ത്രീമാരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് കോപ്പൻഹേഗനിലെ സെന്റ് ആൻസ്ഗാർ കത്തീഡ്രലിൽ വിശുദ്ധ കുർബാനയർപ്പിക്കും.
നാളെ ഡെൻമാർക്കിലെ ഫ്രെഡറിക് പത്താമൻ രാജാവിനെ അമലിയൻബർഗ് കൊട്ടാരത്തിൽ സന്ദർശിക്കും. തുടർന്ന് വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്മുസനുമായി കൂടിക്കാഴ്ച നടത്തും. വെഡ്ബാക്കിലെ റിഡംതോറിസ് മാത്തർ സെമിനാരിയും സന്ദർശിക്കും.
ഉത്തരയൂറോപ്പിന്റെ അപ്പസ്തോലനെന്ന് അറിയപ്പെടുന്ന വിശുദ്ധ ആൻസ്ഗാറാണ് സ്കാൻഡിനേവ്യൻ രാജ്യങ്ങളിൽ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിച്ചത്. ഒന്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് സന്യാസിയും ജർമനിയിലെ ഹാംബർഗ്-ബ്രെമൻ ആർച്ച്ബിഷപ്പുമായ അദ്ദേഹം ഡെന്മാർക്കിലും സ്വീഡനിലും അക്കാലത്ത് നിരവധി പള്ളികൾ സ്ഥാപിച്ചു.